Saturday, November 24, 2007

ഒരു മനസ്സ്

കിളിവാതില്‍ തുറന്നകത്തു വന്നു
മുട്ടിയില്ല,അനുവാദം കാത്തില്ല
പരിഭവത്തിന്റെ മ്ലാനത കണ്ടില്ല
അതോ കണ്ടഭാവം നടിച്ചില്ല.
ചിരകാലപരിചയത്തിന്റെ ചിരി
മുഖമാകെ മിന്നി നിറഞ്ഞുനിന്നു.
കുശലം വിഷയവിവരപട്ടികകള്‍
നിര‍ന്നു വീണ്ടും മുന്നില്‍,എങ്കിലും,
ആര് ?ആര്? ‍എന്ന പരിഭ്രമം.
മനസ്സിന്റെ കോണിലെവിടെയോ,
പരിചയം മിന്നിമറഞ്ഞു,അതോ
കണ്ടു മറന്ന ഏതോ മുഖഛായ.
എന്താണീ അന്ധാളിപ്പിന്റെ
കാര്യം? ചോദ്യശരങ്ങള്‍?
നമ്മള്‍ ഒരുമിച്ചു ചേര്‍ന്നിട്ട്
വര്‍ഷങ്ങളായി, എന്നു മറുപടിയും.
ഞാനൊത്തു നോക്കി,അതെ, വാസ്തവം
നല്ല ഓര്‍മ്മ,പരിചയം,അതേ മുഖം.
ഞാന്‍ തന്റെ മനസ്സാടോ! എന്തെ?
എന്നെ മനസ്സിലാക്കാന്‍ തത്രപ്പാട്?
ചിന്തകളില്‍ നാം അന്യരല്ല, എങ്കിലും
ശരീരമായി, മറ്റൊരാളായി, നിന്നെ,
സ്നേഹിക്കാന്‍, ശ്ലേഷിക്കാന്‍,
താലോലിക്കാന്‍,മതിവരുവോളം
വാചാലമാകാന്‍,ദ്വേഷ ചിന്തകളില്‍
നിന്നും എന്നെന്നേക്കും വിടുവിക്കാന്‍,
ഞാനെത്തി, എന്നന്നേക്കുമായി,
നിന്നരുകില്‍ ഒരു മനുഷ്യനായി.

പക്ഷെ എന്നെ വിശ്വസിക്കുമോ?
എന്ന പ്രശ്നം!അതിന് സമയമുണ്ട്.
മനസ്സായി നിന്റെ ഉള്ളില്‍ ഞാന്‍
എന്നിലെ നിന്നില്‍ വേവുന്ന
മനസ്സായി,കരയുന്ന ഹൃദയമായി
ജീവിതം കൊതിച്ചിട്ട്,വേദന തിന്നു
പ്രണയം പോയിട്ട് വിരഹം വന്നു.
വിശ്വാസം പോയി,വെറും ശ്വാസമായി
ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കാത്ത
തെറ്റിപ്പോകുന്ന,മനസ്സ്, പതറുന്ന ഹൃദയം
പിന്നില്‍നിന്ന് പിന്തിരിപ്പിക്കും പോലെ.

ഉള്ളിലെ നിന്‍ മനസ്സാകുന്ന ഞാന്‍
വേദയുടേ വെണ്ണീറില്‍ എരിഞ്ഞമര്‍ന്നു.
നിന്‍ സ്നേഹം എന്നെ ഒരു വ്യക്തിയാക്കി
ഇതാ ഞാനിവിടെ നിന്‍ മുന്നില്‍
മനുഷ്യരൂപം, അഛനായി,കാമുകനായി
ഭര്‍ത്താവായി,സ്നേഹിതനായി,അയല്‍ക്കരനായി.
മനസ്സിനെ പതിയെ പാകപ്പെടുത്തണം
ദിവസങ്ങളായി ഞാന്‍ ശ്രദ്ധയോടെ
ചിന്തിച്ച്, ഉറച്ചു, ഈ മനസ്സിനെ
മനുഷ്യനായി മാറ്റി, പരിചയം
സ്വാതന്ത്ര്യമാക്കി,സ്നേഹമായി മാറ്റി.
നിര്‍വചനങ്ങളില്ലാത്ത മനസ്സായി.