Thursday, December 28, 2006

ഒരു ദീര്‍ഘനിശ്വാസം

ഈ പോയനാളുകള്‍
ഈ പോയ സമയംഒരു വര്‍ഷമോ? അതോ വര്‍ഷങ്ങളോ?
എവിടെ നിന്നോ വന്ന മന്ദമാരുതന്‍
ഒരു കൊടുങ്കാറ്റായി മാറാന്‍ നിമിഷങ്ങള്‍ മാത്രം
അതാഞ്ഞടിച്ച്‌,എല്ലാം തല്ലിത്തകര്‍ത്തു.
ആരെന്നോ? ഏതെന്നോ? എവിടെനിന്നെന്നോ?
എന്നൊന്നില്ലാത്ത,ഭ്രാന്തമായ കാറ്റ്‌.
ഒരു മണല്‍ക്കാറ്റായി, ഒരു കനല്‍ക്കാറ്റായിഅതു ചുഴറ്റിയടിച്ചു.
കാല്‍ തെറ്റി, അടിതെറ്റി, അതു ചുഴറ്റിയടിച്ചു
ആര്‍ക്കും എത്തിപ്പിടിക്കാന്‍ പറ്റാത്ത,സഹതാപങ്ങളുടെയൊ, രോദനങ്ങളുടെയോ,പ്രാര്‍ഥനയുടെയൊ,മതിലുകളെല്ലാം,
ഒരു ശ്വാസത്തിലൂടെ, തട്ടിത്തെറുപ്പിച്ച്‌എല്ലാം തകര്‍ത്തെറിഞ്ഞു.
ഒരു ദീര്‍ഘനിശ്വാസത്തിന്റെ ചൂട്‌,ഒരുപക്ഷേ എല്ലാം ശാന്തമാക്കി.
എവിടെനിന്നോ, ആരില്‍നിന്നോ,
അല്ലെങ്കില്‍,ഒരു ശവകുടീരത്തില്‍ നിന്നോ?
വേദനിക്കുന്ന ഒരു ദീര്‍ഘനിശ്വാസം,എല്ലാമൊരു നിശ്വാസത്തിലൊതുക്കി.
ഒരു ജീവിതത്തിന്റെ മുഴുവന്‍ ഉത്തരമായി.
കടമകളും ബന്ധങ്ങളും ജീവിതത്തിന്റെ ഉത്തരമായി.
എല്ലാം അറിയുന്നവനേ,നിന്റെ ഉത്തരങ്ങള്‍ക്കു മുന്നോടിയായി
ഇത്ര അധികം ചോദ്യങ്ങളുടെ കൊടുങ്കാറ്റോ?
രക്തബന്തങ്ങളെ ജീവഛവമാക്കി മാറ്റുന്ന കൊടുങ്കാറ്റ്‌
മണ്മറഞ്ഞ പിത്രുത്വങ്ങളുടെദീര്‍ഘനിശ്വാത്തില്‍
എല്ലം അടങ്ങിജീവന്റെ വെളിച്ചം,പ്രകാശം,
അതിന്റെ പ്രഭാവം,ഒരു മന്ദമാരുതനായി,
എന്നന്നേക്കുമായി,എല്ലാ ഉത്തരങ്ങളുമായി.

------------------------------------------------------------------------------------------------
ഇതേ പദ്യം കേക’ വൃത്തത്തില്‍


ഒരു ദീര്‍ഘ നിശ്വാസം
(കേക)

പോയ നാളുകള്‍, പോയ സമയം, പിന്നെയെത്ര-
പോയി നല്‍ വര്‍ഷങ്ങളും മനസ്സിന്‍ സ്വപ്ന ങ്ങളും !

എങ്ങുനിന്നറിവീല,വന്നതാമിളം തെന്നല്‍
എങ്ങുമേ തകര്‍ക്കുന്നു ഭ്രാന്തമാം കൊടുംകാറ്റായ് !

രോദന,സഹതാപ,പ്രാര്‍ത്ഥന മതിലുകള്‍
രോഷാന്ധ മണല്‍ ക്കാറ്റിന്‍ ദീര്‍ഘശ്വാസത്താല്‍ വീഴ്കേ

ചിന്തിച്ചേ,നച്ചൂടിനാല്‍ തകര്‍ക്കപ്പെട്ടു സര്‍വ്വ-
ജീവിത,മെന്നാലതില്‍ ശാന്തിയും നുകര്‍ന്നെന്നോ..!!

കേവലമൊരു ദീര്‍ഘശ്വാസത്തിലൊതുക്കിയോ
താവക ജീവിതത്തെ സര്‍വ്വവുമറിയുന്നോന്‍ !

ഉത്തരമാകും മാരി പെയ്‌വതിന്‍ മുന്നേ രക്ത-
ബന്ധങ്ങള്‍ തകര്‍ക്കുവാന്‍ ചോദ്യമാം കൊടുംകാറ്റോ?

എങ്കിലും മണ്മറഞ്ഞ പിതൃക്കള്‍ തന്‍ ദീര്‍ഘമാം-
നിശ്വാസത്തിങ്കലെല്ലാം ജീവന്റെ പ്രകാശമായ് !!
-----------------------------------------------------------
ഇതാണു കുഞ്ഞേ , പുഴുവെ പൂമ്പാറ്റയാക്കുന്ന സൂത്രം.
ഇനി ഇതു പാടി ഹൃദ്ദിസ്ഥമാക്കാന്‍ എളുപ്പമാകും.

15 comments:

Sapna Anu B.George said...

ഈ ദീര്‍ഘനിശ്വാസം കേള്‍ക്കുന്നില്ലെ, കൂട്ടരെ?

Sreejith K. said...

ഒരു വിഷാദഭാവം ആണല്ലോ വര്‍ഷാവസാനത്തില്‍. പുതുവര്‍ഷത്തെക്കുറിച്ച് നല്ല പ്രതീക്ഷകള്‍ ഉണ്ടെന്നത് ആശ്വാസമാകുന്നു. കവിത നന്ന്.

സപ്നച്ചേച്ചിക്ക് പുതുവര്‍ഷാശംസകള്‍. വരും വര്‍ഷത്തില്‍ സര്‍വ്വേശ്വരന്‍ നല്ലതു മാത്രം വരുത്തട്ടെ.

സ്വാര്‍ത്ഥന്‍ said...

എല്ലാം അറിയുന്നവനേ,നിന്റെ ഉത്തരങ്ങള്‍ക്കു മുന്നോടിയായി
ഇത്ര അധികം ചോദ്യങ്ങളുടെ കൊടുങ്കാറ്റോ?


പുതുവര്‍ഷം, ഈ ചോദ്യങ്ങളുടെ കൊടുങ്കാറ്റിനു ഉത്തരം നല്‍കുന്ന ഇളംതെന്നല്‍ സാന്ത്വനമായി മാറട്ടെ...

Sapna Anu B.George said...

നന്ദി ശ്രീജിത്തെ, ആന്റണി...എന്റെയും പ്രതീക്ഷ നല്ലതിനു വേണ്ടിത്തന്നെയാണ്.

സു | Su said...

ചോദ്യങ്ങളൊക്കെ അടങ്ങി, തിരകള്‍, കുളിരുമായി വരട്ടെ എന്നാശിക്കാം. :)

Sapna Anu B.George said...

എന്റെ ‘സു’ ഇതിവിടെയാ, കാണാനില്ലല്ലൊ?? എന്നെ ഉപേക്ഷിച്ചൊ? നല്ല വാക്കുകള്‍ക്ക് നന്ദി

mydailypassiveincome said...

പോയ വര്‍ഷത്തിന്റെ വേദനിപ്പിക്കുന്ന കഥകള്‍ മനസ്സില്‍ നിന്നും മാറ്റി ഒരു നല്ല വര്‍ഷത്തിനായി പ്രതീക്ഷയോടെ നമുക്കു മുന്നേറാം. സന്തോഷപ്രദമായ വേദനകളില്ലാത്ത ഒരു നല്ല നാളെയെ നമൂക്ക് സ്വപ്നം കാണാം. ആശംസകള്‍..

കുറുമാന്‍ said...

സ്വപ്നത്തിന്നും കുടുംബത്തിന്നും ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകള്‍ നേരുന്നു.

ഒപ്പം എല്ലാ ബൂലോകവാസികള്‍ക്കും

വേണു venu said...

സപ്‍നാജി,
ഒരു ദീര്‍ഘ നിശ്വാസത്തിനു ശേഷം ഒരു മന്ദമാരുതനും പൂനിലാവും പുഞ്ചിരിയും ഈ പുതു വര്‍ഷപ്പുലരിയില്‍ തീര്‍ച്ചയായും എത്തും. അതിനായെന്‍റെ പുതു വര്‍ഷാശംസകള്‍.

Sapna Anu B.George said...

കുറിമാന്‍, മഴത്തുള്ളി, ഈ പുതുവര്‍ഷം നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യത്തിന്റെയും സമാധാനത്തി‍ന്റെയും,തീര്‍ഥങ്ങള്‍ നിറക്കട്ടെ.

Sapna Anu B.George said...

നന്ദി വേണു, എന്റെയും പ്രതീക്ഷ ന‍ശിച്ചിട്ടില്ല, ഒരു പുത്തന്‍ പുലരി എനിക്കു വേണ്ടിയും വിരിയും.‍

MULLASSERY said...

“കേവലമൊരു ദീര്‍ഘശ്വാസത്തിലൊതുക്കിയോ
താവക ജീവിതത്തെ;സര്‍വ്വവുമറിയുന്നോന്‍!
...............................
...............................
എങ്കിലും മണ്മറഞ്ഞ പിതൃക്കള്‍ തന്‍ ദീര്‍ഘമാം
നിശ്വാസത്തിങ്കലെല്ലാം ജീവന്റെ പ്രകാശമായ്!!”

തീരട്ടെയെന്നു ആത്മാര്‍ത്ഥമായി ആ‍ശംസിക്കുന്നു!

Murali K Menon said...

വൃത്തത്തില്‍ വരുമ്പോള്‍ കവിതക്ക് ഒരു അഴകുണ്ടെന്നുള്ളത് തര്‍ക്കമറ്റ കാര്യം. പക്ഷെ ഉദ്ദേശിക്കുന്ന അര്‍ത്ഥം അല്ലെങ്കിലും കിട്ടുമെന്നുള്ളത് മറ്റൊരു കാര്യം.
നന്ന് - ഭാവുകങ്ങള്‍

ജന്മസുകൃതം said...

സ്വപ്ന... ഞാനല്‍പം വൈകിയാണെത്തിയത്‌.നേരത്തെ എത്തുന്നതിലല്ല,സാന്നിദ്ധ്യമറിയിക്കുന്നതിലാണ്‌കാര്യം അല്ലേ.ശരി ഇനി നമുക്ക്‌ കാണാം. കാഴ്ചയില്‍ നിന്നും മറയാതിരിക്കാനും ശ്രമിക്കാം.ഫോട്ടോകള്‍...വിവരണങ്ങള്‍.... കവിതകള്‍..എല്ലാത്തിലൂടെയും ഞാന്‍ സ്വപ്നയെ അറിയുകയാണ്‌.കൂടുതല്‍ അറിയുവാന്‍ താല്‍പര്യവുമുണ്ട്‌.എല്ലാവിധ നന്മകളും ആശംസിക്കുന്നു.

ഭാനു കളരിക്കല്‍ said...

ഇത്ര അധികം ചോദ്യങ്ങളുടെ കൊടുങ്കാറ്റോ?